02:45pm 19 September 2026
NEWS
മമതയ്ക്ക് ഇരട്ട തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാർഥി പിന്മാറി
19/09/2026  12:47 PM IST
nila
മമതയ്ക്ക് ഇരട്ട തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാർഥി പിന്മാറി

കൊൽക്കത്ത: ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും മമത പക്ഷത്തിന്റെ സ്ഥാനാർഥി മത്സരത്തിൽനിന്ന് പിന്മാറിയതോടെ രണ്ട് മണ്ഡലങ്ങളിലും പാർട്ടി കടുത്ത പ്രതിസന്ധിയിലായി.

റെജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ മമത പക്ഷത്തിന്റെ സ്ഥാനാർഥി റബിയുൽ ആലം ചൗധരിയാണ് അപ്രതീക്ഷിതമായി നാമനിർദേശ പത്രിക പിൻവലിച്ചത്. പാർട്ടി പ്രവർത്തകർ നേരിടുന്ന കടുത്ത സമ്മർദ്ദവും പീഡനവുമാണ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘‘നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് ഔദ്യോഗിക ചിഹ്നമില്ലാത്ത അവസ്ഥയാണ്. അതിനൊപ്പം പ്രവർത്തകർ വിവിധ തരത്തിലുള്ള പീഡനങ്ങൾ നേരിടുകയാണ്. പലരും ഉപജീവനത്തിനായി പ്രദേശം വിട്ടുപോയി. അങ്ങനെയിരിക്കെ ആരെ ഒപ്പം നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്?’’ ചൗധരി ചോദിച്ചു.

ഭരണകൂടത്തിൽനിന്നും പൊലീസിൽനിന്നും ശക്തമായ സമ്മർദ്ദമുണ്ടെന്നും ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം തുടരാൻ കഴിയില്ലെന്നും പ്രവർത്തകർ തന്നെ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇതോടെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ചൗധരി വ്യക്തമാക്കി.

ഒക്ടോബർ ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നന്ദിഗ്രാമിലും റെജിനഗറിലും മമത പക്ഷത്തിന്റെ സ്ഥാനാർഥികൾ പിന്മാറിയതോടെ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുങ്ങി.

നന്ദിഗ്രാമിൽ മമത പക്ഷത്തിന്റെ സ്ഥാനാർഥിയായ സഞ്ചിത പ്രധാൻ ദേ, മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചത്. തുടർന്ന് നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പിന്തുണയ്ക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു.

എന്നാൽ ഈ നീക്കത്തിനും പിന്നാലെ മറ്റൊരു സംഭവമുണ്ടായി. 2007ലെ പഴയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ വെള്ളിയാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

തുടർച്ചയായി രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ പിന്മാറുകയും മമത പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിലാകുകയും ചെയ്തതോടെ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് രംഗം കൂടുതൽ സങ്കീർണമായി. സ്ഥാനാർഥി പിന്മാറ്റവും അറസ്റ്റും ഒരേ സമയം സംഭവിച്ചതോടെ മമത പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രം പുതിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img